പുനലൂര്‍ : പുനലൂര്‍ ഓണം ഫെസ്റ്റിന് ഇന്ന് തുടക്കമാകും. ചെമ്മന്തൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സെപ്റ്റംബര്‍ ആറു വരെയാണ് ഫെസ്റ്റ്. ആഘോഷങ്ങള്‍ക്ക് ഉപരിയായി നഗരസഭയുടെ വരും വര്‍ഷത്തേക്കുള്ള വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന വേദി കൂടിയാകും ഓണം ഫെസ്റ്റ്. നഗരസഭയുടെ നേതൃത്വത്തില്‍ വിവിധ സെമിനാറുകളും സാംസ്കാരിക പരിപാടികളും ഓണം ഫെസ്റ്റ് വേദിയില്‍ വരും ദിവസങ്ങളില്‍ നടക്കും. സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
മുന്‍ വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി ആധുനിക അമ്യൂസ്മെന്റ് പാര്‍ക്കും പുത്തന്‍ റൈഡുകളും ഫെസ്റ്റിന്റെ ഭാഗമാകും. ആര്‍ട്ടിഫിഷല്‍ ഫ്ളവര്‍ ഷോ, പത്തോളം സെല്‍ഫി പോയിന്റുുകള്‍, ഹൊറര്‍ ഹൗസ്, വെര്‍ട്ടെക്സ് ടണല്‍ തുടങ്ങിയവ പുനലൂരിന് പുതിയ അനുഭവം നല്‍കും. ഒരു കുടുംബത്തിലെ എല്ലാവര്ക്കും ഒരുപോലെ ആസ്വദിക്കാന്‍ ഫാമിലി ഗെയിം സോണ്‍ പ്രത്യേകം തയാറാക്കിയിട്ടുണ്ട്.
60 കൊമേഴ്സ്യല്‍ സ്റ്റാളുകള്‍, വിശാലമായ ഭക്ഷണശാല, വ്യത്യസ്തങ്ങളായ ഐസ് ക്രീം ഷോപ്പുകള്‍, വിവിധ സര്‍ബത്തുകള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
എല്ലാദിവസവും രാത്രി ഏഴു മുതല്‍ ചലച്ചിത്ര താരങ്ങളും റിയാലിറ്റി ഷോ താരങ്ങളും അടക്കം കേരളത്തിലെ പ്രഗത്ഭ കലാകാരന്മാര് അണിനിരക്കുന്ന സ്റ്റേജ് ഷോകള്‍ നടക്കും.
ചലച്ചിത്ര പിന്നണി ഗായകനും സംഗീത സംവിധായകനുമായ ഡോ. ജാസി ഗിഫ്റ്റ്, ഗായകന് കൊല്ലം ഷാഫി, പിന്നണിഗായകരായ ദേവനാരായണന്, ശ്രീനാഥ്, അവനി സന്തോഷ്, ലക്ഷ്മി ജയന്, റഹ്മാന് പത്തനാപുരം എന്നിവരുടെ സംഗീത പരിപാടികള്‍ ഫെസ്റ്റിന്റെ ഭാഗമാകും. സോഷ്യല്‍ മീഡിയയില്‍ തരംഗമായ പാട്ട് ഫാമിലി പുനലൂരിലെത്തും.
ശ്രദ്ധേയരായ കോമഡി ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുക്കുന്ന മെഗാ കോമഡി ഷോകളും നടക്കും. ആയിരത്തിലധികം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കൂറ്റന്‍ പന്തലാണ് ഫെസ്റ്റിന് വേണ്ടി ഒരുക്കിയിട്ടുള്ളത്.
നഗരസഭയുടെ ഓണാഘോഷങ്ങളുടെ ഭാഗമായ സാംസ്കാരിക ഘോഷയാത്ര മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ എത്തുമ്പോള്‍ ഓണം ഫെസ്റ്റിന് തിരിതെളിയും.
പുനലൂരിലെ പരിസരപ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് ഓണം നാളുകള്‍ ഉത്സവമാക്കാന്‍ കഴിയുന്ന എല്ലാ വിനോദ ഉപാധികളും ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ടെന്നും നഗരസഭ ചെയര്മാന് എം.എ. രാജഗോപാല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ എം.എ. രാജഗോപാല്‍, വൈസ് ചെയര്‍പേഴ്സണ്‍ കെ. പ്രഭ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ സുഭാഷ് ജി. നാഥ്, എസ്. അന്‍വര്‍, അനിത, ഗീതാ കുമാരി, എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.